Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

Tuesday, March 1, 2011

വെളുത്ത സൂര്യനെ തിരയുന്ന കറുത്ത കുട്ടി


വയനാടിന്‍റെ വനസ്ഥലികളില്‍ നിന്ന്
വേരറ്റു പോവുന്ന അനുജത്തിയാണ്. 

പ്രിയ സഹോദരാ! 
നീയിപ്പോള്‍ എവിടെയാവും
നിന്‍റെ നാടെനിക്ക് അന്യമല്ല
എങ്കിലും അകലെയാണെന്നറിയാം
എനിക്ക് ഉളള് കായുന്നു
നീ വീട്ടിലെത്തിക്കാണുമോ? 

എന്‍റെ സ്വപ്ന സുതാര്യതകളില്‍
ഗ്രീനിച്ച് സമയരേഖ പോലെയാണ് നീ
നിനക്ക് വീടിപ്പഴും ഒരഭയകേന്ദ്രമാണോ? 

അമ്മ പറഞ്ഞ പുരാണകഥകള്‍
മുഴുവന്‍ കേട്ടുതീരും മുമ്പ്... 

എന്‍റെ വാക്കുകള്‍ നനഞ്ഞു തീരും മുമ്പ്
നീ, ഓര്‍മ്മയാവുമോ? 

കോവര്‍ കഴുതയുടെ കാലിലെ വ്രണം പോലെ
ജന്മം നീറുന്നുവോ.....? 

ചീവീടുകള്‍ പോലും നിശബ്ധമാവുന്ന
രാവില്‍
കാലനും കാലന്‍കോഴിയും മാത്രം
വഴിതെളിക്കുമ്പോള്‍
സഹോദരാ...... 

ഞാനിവിടെയുണ്ട്‌
പുല്ലിനും പുല്‍ച്ചാടിക്കുമിടയിലൂടെ
തേനെടുത്ത് മടങ്ങുകയാണ്.

Friday, February 11, 2011

വഴി

പേര് പറയൂ  നീ ആരാണ്...ഇത് പതിവാണ്...ഓരോരുത്തര്‍ വരും ...ഒന്നും  മിണ്ടാതെ പോകും ...ഇന്നത്‌ നടപ്പില്ല ... അറിഞ്ഞേ   തീരൂ... വഴിപോക്കന്‍ എന്ന് പറഞ്ഞാല്‍  പോരാ  ...ഏതു വഴി... ഏതു പോക്ക് ? ഇത്  പെരുവഴിയല്ലല്ലോ   ഉണരും മുമ്പേ  എത്താനുള്ള വഴി...പറയൂ വഴിപോക്കരേ  താങ്കളാരാണെന്ന് ? ഞാന്‍ തന്നെയോ ? എന്‍റെ  നിഴല്‍ തന്നെയോ?